ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലും ചേർന്ന് പ്രവർത്തിപ്പിച്ചിരുന്ന വൻ ചാരശൃംഖല ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തകർത്തു. ഡൽഹിയിലും പഞ്ചാബിലുമായി നടത്തിയ രണ്ട് പ്രത്യേക ഓപ്പറേഷനുകളിലായി 11 പേരെയാണ് പിടികൂടിയത്.(Working for Pakistan’s spy agency ISI, major spy network in the country busted, 11 people arrested)
രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിലും സൈനിക താവളങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പാകിസ്ഥാനിലേക്ക് തത്സമയ ദൃശ്യങ്ങൾ കൈമാറുകയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ദൗത്യം. തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപം സ്ഥാപിച്ചിരുന്ന സോളാർ പാനൽ ഘടിപ്പിച്ച ഒമ്പത് സിസിടിവി ക്യാമറകൾ പോലീസ് കണ്ടെടുത്തു. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഇവയുടെ ദൃശ്യങ്ങൾ പാകിസ്ഥാനിലെ ഹാൻഡ്ലർമാർക്ക് അയച്ചിരുന്നത്.
വിദേശ നിർമ്മിതമായ മൂന്ന് പിഎക്സ്-5 പിസ്റ്റളുകൾ ഉൾപ്പെടെ നാല് തോക്കുകളും 24 തിരകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. യുപിഐ ഇടപാടുകൾ വഴിയാണ് ഈ ചാരശൃംഖലയ്ക്ക് പണം ലഭിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിയമവിരുദ്ധ ആയുധക്കടത്ത് വഴിയും സംഘം ഫണ്ട് സമാഹരിച്ചിരുന്നു. യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ഈ ശൃംഖല ഉപയോഗിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്ന ക്യാമറകളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തു.
മിലിട്ടറി ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിൽ നിന്ന് അഞ്ച് പേരെ കൂടി പിടികൂടി. സൈനിക താവളങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ ചുമതല. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ സംഘം ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷാ കേന്ദ്രങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായും അത് ഒഴിവാക്കാൻ പോലീസിന് സാധിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് ഗാസിയാബാദിലും സമാനമായ ഒരു ചാരശൃംഖലയെ പോലീസ് തകർത്തിരുന്നു. രാജ്യവ്യാപകമായി പടർന്നുപന്തലിച്ചിരിക്കുന്ന ഈ ഗൂഢാലോചനയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

