തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും കേരളം ഭരണമാറ്റത്തിനായി അത്യാവേശത്തോടെയാണ് വോട്ട് ചെയ്തതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(People will say goodbye to Pinarayi Vijayan, says Ramesh Chennithala)
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. മുസ്ലീം ലീഗ് സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. പദവിക്ക് അർഹതയുണ്ടെന്നാണ് അവർ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. എതിരാളികളെ വ്യക്തിപരമായി തേജോവധം ചെയ്യാതെ അന്തസ്സായ പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യം മുന്നണിക്ക് വലിയ കരുത്തായി.
പല മണ്ഡലങ്ങളിലും സി.പി.എമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ജനങ്ങൾ യുഡിഎഫിനെ പിന്തുണച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകർക്കും വീടുകൾക്കും നേരെയുണ്ടായ ആക്രമണത്തെ ചെന്നിത്തല ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് പോളിംഗ് ശതമാനം വർദ്ധിച്ചതിൽ എസ്.ഐ.ആർ ഒരു ഘടകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

