ബെയ്റൂട്ട്: അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ബുധനാഴ്ച ലെബനനിലുടനീളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 89 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു (Lebanon Death Toll Israeli Strike). കൊല്ലപ്പെട്ടവരിൽ 12 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ തങ്ങൾക്ക് ബാധകമല്ലെന്നും ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുമെന്നും ഇസ്രയേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലും ബെക്കാ താഴ്‌വരയിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ കനത്ത ബോംബാക്രമണം നടത്തിയത്. വെറും പത്ത് മിനിറ്റിനുള്ളിൽ നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർത്തതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ആക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഇസ്രയേലിന്റേത് ‘കൂട്ടക്കൊല’യാണെന്ന് ലെബനൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. വെടിനിർത്തൽ ചർച്ചകൾക്കിടയിലും മേഖലയിൽ രക്തച്ചൊരിച്ചിൽ തുടരുന്നത് വൻ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ലെബനൻ ജനത.
Summary: At least 89 people were killed and 700 others wounded in Israeli strikes across Lebanon on Wednesday, according to the Lebanese health ministry. Among the deceased are 12 medics from southern Lebanon. The intensified strikes followed Israel’s declaration that the temporary US-Iran ceasefire does not apply to its operations against Hezbollah. Major areas, including Beirut’s suburbs and the Bekaa Valley, faced heavy bombardment as rescue teams continue to search for survivors in the rubble.

