ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ സന്നദ്ധത അറിയിച്ച് 1.4 കോടി ഇറാനിയൻ പൗരന്മാർ രംഗത്ത്. ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക) എന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ഇത്രയധികം ആളുകൾ സൈന്യത്തിനൊപ്പം ചേരാൻ തയ്യാറായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അറിയിച്ചു. രാജ്യത്തിനായി സ്വന്തം ജീവൻ നൽകാൻ തയ്യാറായ ഈ പട്ടികയിൽ താനും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.(Will not yield to American threats, Iran with a defense force of 14 million citizens)
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഈ പ്രഖ്യാപനം. ഇന്ന് രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.
അമേരിക്കൻ സൈന്യം ആക്രമണത്തിന് തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രധാന വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധിക്കാൻ ഇറാൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തു. സമാധാനത്തിനായുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ തൃപ്തികരമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.

