ടെഹ്റാൻ: പിതാവ് അലി ഖമേനിയുടെ മരണത്തിന് ഇടയാക്കിയ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി അബോധാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. 56 വയസ്സുകാരനായ മുജ്തബ ഖമേനി നിലവിൽ പുണ്യനഗരമായ ക്വോമിലെ രഹസ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് ചെയ്തു. ഒരു നയതന്ത്ര കുറിപ്പിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.( Iran’s new supreme leader Mojtaba Khamenei’s condition critical, Reportedly unconscious)
ഇറാന്റെ പരമാധികാര നേതാവ് എവിടെയാണെന്ന വിവരം ആദ്യമായാണ് വെളിപ്പെടുത്തുന്നത്. ടെഹ്റാനിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന ഖും നഗരം ഷിയാ മുസ്ലീങ്ങളുടെ വിശുദ്ധ കേന്ദ്രമായും ഇറാന്റെ മതതലസ്ഥാനമായും ആണ് അറിയപ്പെടുന്നത്.
അമേരിക്കൻ-ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ ഗൾഫ് രാജ്യങ്ങളുമായി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹം നിലവിൽ അബോധാവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു.
ആരോഗ്യനില മോശമായതിനാൽ നിലവിൽ ഭരണപരമായ യാതൊരു തീരുമാനങ്ങളിലും അദ്ദേഹത്തിന് ഇടപെടാൻ സാധിക്കുന്നില്ല. പരമാധികാര നേതാവിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ, ഇസ്രായേൽ ചാരസംഘടനകൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല.

