മിസോറി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പ്രാവെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മിസോറിയിൽ നിന്നുള്ള ‘ഷുഗർ’ ( World’s Oldest Dove Sugar Missouri). 44 വയസ്സും 73 ദിവസവുമാണ് ഈ പ്രാവിന്റെ നിലവിലെ പ്രായം. 77-കാരനായ ഡെവെയ്ൻ ഒറെൻഡറുടെ വളർത്തുപക്ഷിയായ ഷുഗർ, ജർമ്മനിയിൽ നിന്നുള്ള ‘മെതുസലാ’ എന്ന പ്രാവിന്റെ 15 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർത്തത്.
സാധാരണഗതിയിൽ കൂട്ടിൽ വളർത്തുന്ന പ്രാവുകൾക്ക് 20 വർഷം വരെയാണ് ആയുസ്സ് പ്രതീക്ഷിക്കാറുള്ളത്. എന്നാൽ അതിന്റെ ഇരട്ടിയിലധികം കാലം ജീവിച്ച് ഷുഗർ അത്ഭുതമാവുകയാണ്. ഷുഗർ വിരിഞ്ഞ ദിവസം മുതൽ ഒറെൻഡർക്കൊപ്പമുണ്ട്. മുമ്പ് അദ്ദേഹം വളർത്തിയിരുന്ന പ്രാവുകളുടെ കുഞ്ഞാണ് ഇത്. റോസ് എന്ന പേരുള്ള ഒരു ഇണ ഷുഗറിനുണ്ടായിരുന്നെങ്കിലും 1996-ൽ അത് ചത്തുപോയി.
തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷുഗറെന്ന് ഒറെൻഡർ പറയുന്നു. സോഫയിൽ ഒപ്പമിരുന്ന് ടിവി കാണുന്നതാണ് ഷുഗറിന്റെ പ്രധാന വിനോദം. സംഗീതജ്ഞനായ ഒറെൻഡറുടെ പാട്ടുകൾക്കൊപ്പം താളം പിടിക്കാനും ഷുഗറിന് ഇഷ്ടമാണ്. ഒറെൻഡറുടെ രണ്ട് മ്യൂസിക് വീഡിയോകളിലും ഈ പ്രാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഗോഡ്‌സ് സ്‌പോട്ട്‌ലൈറ്റ്’ എന്ന തന്റെ ഗാനത്തിന്റെ പ്രചോദനം ഷുഗറാണെന്നും അദ്ദേഹം സ്നേഹത്തോടെ ഓർക്കുന്നു.

