തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റ് വഴിയോ ‘ecinet’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാവുന്നതാണ്.(Assembly elections, Is your name in the voter list? Easy ways to check online)
1. EPIC നമ്പർ ഉപയോഗിച്ച്
വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പർ ഉപയോഗിച്ചുള്ള പരിശോധനയാണിത്. വെബ്സൈറ്റിൽ പ്രവേശിച്ച് ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഭാഷയും വോട്ടർ കാർഡ് നമ്പറും നൽകുക. സംസ്ഥാനം തിരഞ്ഞെടുത്താൽ നിങ്ങളുടെ വോട്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സ്ക്രീനിൽ തെളിയും.
2. വ്യക്തിഗത വിവരങ്ങൾ നൽകി
വോട്ടർ കാർഡ് കൈവശമില്ലാത്തവർക്കും ഈ രീതി ഉപയോഗിക്കാം. സംസ്ഥാനം, ഭാഷ എന്നിവ നൽകിയ ശേഷം വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ രേഖപ്പെടുത്തുക. വോട്ടർപട്ടികയിലുള്ള ബന്ധുവിന്റെ പേരും നൽകണം. ജില്ലയും നിയമസഭാ മണ്ഡലവും കൃത്യമായി നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.
3. മൊബൈൽ നമ്പർ ഉപയോഗിച്ച്
വോട്ടർ പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം ഫോൺ നമ്പർ നൽകുക. ഫോണിലേക്ക് വരുന്ന ഒടിപി (OTP) വെബ്സൈറ്റിൽ നൽകുന്നതോടെ വോട്ടർ വിവരങ്ങൾ ലഭിക്കും.
ഒരു ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് (PDF) ആയി ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. ഇതിനായി https://voters.eci.gov.in/download-eroll?stateCode=S11 എന്ന ലിങ്കിൽ പ്രവേശിക്കുക. തുടർന്ന് ജില്ല, മണ്ഡലം, ഭാഷ എന്നിവ നൽകിയാൽ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളുടെയും പട്ടിക ലഭിക്കും. ഇതിൽ നിന്നും നിങ്ങളുടെ ബൂത്തിന്റെ ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് പേര് പരിശോധിക്കാവുന്നതാണ്.

