ഹനംകൊണ്ട: ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്നറിഞ്ഞതിനെത്തുടർന്ന് ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിൽ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.(Man throws wife and children into the swimming pool all because he wanted a boy )
പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു അസ്ഹറുദ്ദീനും ഭാര്യയും. ഇവർക്ക് നിലവിൽ രണ്ട് പെൺമക്കളുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആൺകുട്ടിയാകണമെന്ന് അസ്ഹറുദ്ദീൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സ്കാനിംഗിലൂടെ അത് പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ അയാൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഭാര്യ ഇതിനെ ശക്തമായി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു, എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗർഭഛിദ്രത്തിന് വഴങ്ങാത്തതിനെത്തുടർന്ന് ആസൂത്രിതമായി ഭാര്യയെയും രണ്ട് മക്കളെയും നീന്തൽക്കുളത്തിന് സമീപമെത്തിച്ച ശേഷം വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അസ്ഹറുദ്ദീനെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.

