തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ “പോ മോനെ വിജയാ” എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം അധിക്ഷേപങ്ങളിലൂടെ എൽഡിഎഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.( Minister V Sivankutty responds to Revanth Reddy’s statement about about Pinarayi Vijayan )
മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെയാണ്. ഇതേ പരാമർശം യുപി മുഖ്യമന്ത്രിക്ക് നേരെയോ ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയോ നടത്താൻ രേവന്ത് റെഡ്ഡിക്ക് കഴിയുമോ എന്ന് ശിവൻകുട്ടി ചോദിച്ചു. ധൈര്യമായി ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. “തരത്തിൽ പോയി കളിക്കണം” എന്നാണ് അദ്ദേഹത്തോടു പറയാനുള്ളതെന്ന് മന്ത്രി പരിഹസിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. നേരത്തെ താൻ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോൾ രാജീവ് ചന്ദ്രശേഖർ ആ വഴിക്ക് വന്നില്ല. നുണപ്രചാരണം കൊണ്ട് വിജയിക്കാമെന്നത് വ്യാമോഹമാണ്.

