ബെയ്റൂട്ട്: ഇറാനിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകയും നോബൽ സമാധാന സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിക്ക് ജയിലിനുള്ളിൽ ഹൃദയാഘാതം ഉണ്ടായതായി അഭിഭാഷകർ. വടക്കുപടിഞ്ഞാറൻ ഇറാനിലെ സഞ്ജാൻ ജയിലിൽ കഴിയുന്ന നർഗീസിനെ സന്ദർശിച്ച അഭിഭാഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.(Nobel laureate Narges Mohammadi reportedly suffered a heart attack in prison in Iran)
നർഗീസ് മുഹമ്മദിയുടെ ഫ്രഞ്ച് അഭിഭാഷക നൽകുന്ന വിവരങ്ങൾ പ്രകാരം ജയിലിൽ നർഗീസിനെ കണ്ട അഭിഭാഷകർ ഞെട്ടിപ്പോയി. അമിതമായി ഭാരം കുറഞ്ഞ് വിളറിയ നിലയിലായിരുന്നു അവർ. നടക്കാൻ പോലും മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. മാർച്ച് 24-ന് നർഗീസ് ഒരു മണിക്കൂറിലധികം അബോധാവസ്ഥയിലായിരുന്നുവെന്ന് സഹതടവുകാർ പറഞ്ഞു. പിന്നീട് ജയിൽ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ അവർക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചു.
ദിവസവും ഒന്നിലധികം തവണ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്നും നർഗീസ് പറഞ്ഞു. എന്നാൽ അവരെ ആശുപത്രിയിലേക്കോ ഹൃദ്രോഗ വിദഗ്ധന്റെ അടുത്തേക്കോ മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞ ഡിസംബറിൽ മഷ്ഹദ് നഗരത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ നർഗീസിന് നേരെ ക്രൂരമായ മർദ്ദനമുണ്ടായതായി ഭർത്താവ് തഗി റഹ്മാനി വെളിപ്പെടുത്തിയിരുന്നു. തലയ്ക്കും കഴുത്തിനും ഏറ്റ പരിക്കുകൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. രാജ്യസുരക്ഷയ്ക്കെതിരായ ഗൂഢാലോചന ആരോപിച്ച് 13 വർഷത്തെ തടവ് അനുഭവിച്ചിരുന്ന നർഗീസിന്, ഫെബ്രുവരിയിൽ വിപ്ലവ കോടതി ഏഴ് വർഷം കൂടി അധിക തടവ് വിധിച്ചു.
2022-ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയാണ് നർഗീസ് മുഹമ്മദി. ജയിൽ അധികൃതരുടെ അവഗണന അവരെ സാവധാനം മരണത്തിലേക്ക് തള്ളിയിടാനാണെന്ന് അഭിഭാഷകർ ആരോപിക്കുന്നു. 2023-ൽ ജയിലിൽ കിടക്കുമ്പോഴാണ് നർഗീസ് മുഹമ്മദിക്ക് നോബൽ സമാധാന സമ്മാനം ലഭിച്ചത്. ഇറാനിലെ നിർബന്ധിത ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അവർ നൽകിയ പിന്തുണ ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ജയിലിനുള്ളിൽ വെച്ചും പ്രതിഷേധങ്ങൾ തുടരുന്ന നർഗീസ്, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നർഗീസ് കഴിയുന്ന സഞ്ജാൻ ജയിലിന് തൊട്ടടുത്തുള്ള ഷിയാ ആരാധനാലയത്തിന് നേരെ വ്യോമാക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

