ഇസ്ലാമാബാദ്: പാകിസ്താൻ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവിടുത്തെ സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ. ‘കശ്മീരും നമ്മുടെ കപടഭക്തിയും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുള്ള ദയൂബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.(Women’s dignity is being stolen in exchange for a loaf of bread, Pakistani religious scholar makes revelations against terrorists in Kashmir)
കശ്മീരിലെ വിഘടനവാദി പോരാളികളെ ‘മുജാഹിദീൻ’ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഇവർ അഭയാർത്ഥികളായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളും പെൺകുട്ടികളും കേവലം ഒരു നേരത്തെ ഭക്ഷണത്തിനായി, ചിലപ്പോൾ “ഒരു റൊട്ടിക്ക്” വേണ്ടി പോലും സ്വന്തം മാനം പണയപ്പെടുത്താൻ നിർബന്ധിതരാകുന്നു. മതപരമായ പോരാട്ടം എന്ന പേരിൽ നടക്കുന്ന ഈ നീക്കങ്ങൾ യഥാർത്ഥത്തിൽ നിസ്സഹായരായ മനുഷ്യരെ വേട്ടയാടലാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ ഒരു പ്രമുഖ മത-രാഷ്ട്രീയ വ്യക്തിത്വത്തിൽ നിന്ന് ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടായത് അസാധാരണമാണെന്ന് മുതിർന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. കശ്മീരിലെ പ്രശ്നങ്ങൾ ഒരു ‘വിശുദ്ധ യുദ്ധം’ ആണെന്ന ഇസ്ലാമാബാദിന്റെ കാലാകാലങ്ങളായുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ പ്രസ്താവന. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നു എന്ന ഇന്ത്യയുടെ നിലപാടിനെ ഇത് ശരിവെക്കുന്നു.

