നാഗ്പൂർ: വൈവാഹിക ജീവിതത്തിലെ തർക്കങ്ങളെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്താൽ അതിന് ഭാര്യയെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court Ruling Marital Dispute Suicide). ദമ്പതികൾക്കിടയിലെ സാധാരണ കലഹങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രെയിനിന് മുന്നിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. നിസ്സാര കാര്യങ്ങൾക്ക് ഭാര്യ വഴക്കിടാറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപിച്ച് മരിച്ചയാളുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള നടപടികൾ ഉണ്ടെങ്കിൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുകയുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. വാഗ്വാദങ്ങൾ നടത്തുന്നതോ, അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകുന്നതോ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രേരണയായി കണക്കാക്കാനാവില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 (മുൻപ് ഐപിസി 306) പ്രകാരമുള്ള കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി യുവതിക്കെതിരെയുള്ള കേസ് റദ്ദാക്കി.
Summary: The Nagpur Bench of the Bombay High Court ruled that a wife cannot be held guilty of abetment to suicide if her husband takes his own life due to marital disputes or domestic quarrels. The court clarified that mere verbal abuse, frequent arguments, or leaving for a parental home do not constitute “abetment” unless there is a clear intention to compel the individual to die by suicide.

