ടെഹ്‌റാൻ: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം സർവ്വകലാശാലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു (IRGC Threat US Campuses Gulf). കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രമുഖ സർവ്വകലാശാലകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ അഫിലിയേറ്റഡ് സർവ്വകലാശാലകൾക്ക് നേരെ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള 21 സർവ്വകലാശാലകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ടെഹ്‌റാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഇമാം ഹൊസൈൻ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്ക് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഈ സ്ഥാപനങ്ങൾ ആയുധ നിർമ്മാണത്തിനും ഗവേഷണത്തിനും ഉപയോഗിക്കുന്നു എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇറാന്റെ ശാസ്ത്രീയ അടിത്തറ തകർക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ടെഹ്‌റാൻ കുറ്റപ്പെടുത്തി.
ഇറാന്റെ സർവ്വകലാശാലകൾ ആക്രമിക്കപ്പെട്ടതിന് പകരമായി ഖത്തർ, യുഎഇ, കുവൈറ്റ്, ലെബനൻ എന്നിവിടങ്ങളിലെ അമേരിക്കൻ യൂണിവേഴ്സിറ്റികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തി. ഭീഷണിയെത്തുടർന്ന് ഖത്തറിലെ ടെക്സസ് എ ആൻഡ് എം (Texas A&M), നോർത്ത് വെസ്റ്റേൺ സർവ്വകലാശാലകൾ താൽക്കാലികമായി അടച്ചു. ലെബനനിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ഇറാനിലെ എല്ലാ ക്ലാസുകളും ഓൺലൈനായി മാത്രമേ നടക്കൂ എന്ന് അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം വിദ്യഭ്യാസ മേഖലയെ ബാധിക്കുന്നത് മിഡിൽ ഈസ്റ്റിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്.
Summary: Universities have become a new frontline in the escalating conflict between Iran, the US, and Israel. Recent Israeli strikes on Tehran’s academic institutions, alleging they are used for weapons research, have prompted Iran to threaten retaliation against US-linked campuses in the Gulf. As a precaution, major universities in Qatar, Lebanon, and the UAE, including Georgetown and Texas A&M, have shifted to online learning. Iran has also announced that the new academic term starting in April will be entirely virtual.

