മഹോബ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്ന് തികച്ചും വിചിത്രവും എന്നാൽ ഭരണകൂടത്തിന്റെ അനാസ്ഥ വെളിവാക്കുന്നതുമായ ഒരു വാർത്ത പുറത്തുവരുന്നു. ഒന്നര വർഷം മുമ്പ് മരിച്ച അങ്കണവാടി ജീവനക്കാരിക്ക് ജോലിക്ക് ഹാജരാകാത്തതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് അധികൃതർ (Dead Woman Gets Job Notice UP). പാർവതി എന്ന 49-കാരിക്കാണ് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ യാസ്മിൻ ജഹാൻ നോട്ടീസ് അയച്ചത്.
2024 നവംബർ ഒന്നിനാണ് പാർവതി മരിച്ചത്. മരണം നടന്ന് എട്ട് ദിവസത്തിനുള്ളിൽ തന്നെ മരണ സർട്ടിഫിക്കറ്റ് വനിതാ ശിശു വികസന വകുപ്പിൽ സമർപ്പിച്ചിരുന്നതായി പാർവതിയുടെ ഭർത്താവ് കിഷൻലാൽ പറയുന്നു. എന്നാൽ, 18 മാസങ്ങൾക്ക് ശേഷം ഇപ്പോൾ ലഭിച്ച നോട്ടീസിൽ പറയുന്നത്, പരിശോധന സമയത്ത് അങ്കണവാടി അടഞ്ഞു കിടക്കുകയാണെന്നും കുട്ടികൾക്ക് പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നുമാണ്. ഡാറ്റാ എൻട്രി നടത്തിയില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയും നോട്ടീസിലുണ്ട്.
ഈ സംഭവം ഗ്രാമവാസികളെയും കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പാർവതി മരിച്ച വിവരം രേഖകളിൽ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ 18 മാസമായി ഇവരുടെ പേരിലുള്ള ഓണറേറിയം ആരുടെ കൈയിലേക്കാണ് പോയതെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, താൻ തന്റെ ജോലി കൃത്യമായി ചെയ്തുവെന്നും പരിശോധനയിൽ ജീവനക്കാരിയെ കാണാത്തതിനാലാണ് നോട്ടീസ് നൽകിയതെന്നുമാണ് ഉദ്യോഗസ്ഥയായ യാസ്മിൻ ജഹാന്റെ വിശദീകരണം. സംഭവത്തിൽ കുടുംബം ഉന്നത അധികൃതർക്ക് പരാതി നൽകാൻ തീരുമാനിച്ചു.

