ഗുവാഹത്തി: ഐപിഎൽ ആവേശത്തിലേക്ക് ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും. ഗുവാഹത്തിയിലെ ബർസാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്കാകും ആരാധകർ സാക്ഷ്യം വഹിക്കുക. 11 വർഷം രാജസ്ഥാനൊപ്പം തങ്ങുകയും 5 വർഷം ടീമിനെ നയിക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസൺ ഇന്ന് ചെന്നൈ ജേഴ്‌സിയിൽ തന്റെ പഴയ ടീമിനെതിരെ ബാറ്റിങ്ങിനിറങ്ങും. അതുപോലെ ചെന്നൈയുടെ വിശ്വസ്തനായിരുന്ന രവീന്ദ്ര ജഡേജ ഇത്തവണ രാജസ്ഥാൻ നിരയിലാണ്.(Rajasthan vs Chennai clash today in IPL, Sanju Samson against his former team)
ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലാണ് ചെന്നൈ ആറാം കിരീടം ലക്ഷ്യമിടുന്നത്. സഞ്ജു തന്നെയാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം സഞ്ജു ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. നൂർ അഹമ്മദ്, അകീൽ ഹുസൈൻ എന്നീ സ്പിന്നർമാരും ജയ്മി ഓവർട്ടൺ, മാറ്റ് ഹെന്റി എന്നീ പേസർമാരുമാണ് ചെന്നൈയുടെ പ്രധാന ആയുധങ്ങൾ. പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവരിലൊരാൾ ഇന്ന് ചെന്നൈക്കായി അരങ്ങേറിയേക്കും.
പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുന്നത്. ടീമിലെ പ്രധാന ആകർഷണം പതിനഞ്ചുകാരനായ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയാണ്. വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. രവീന്ദ്ര ജഡേജയുടെ സാന്നിധ്യം രാജസ്ഥാൻ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

