കൊല്ലം: ഇന്ത്യയിലെ മരുന്നുകളുടെ കുറഞ്ഞ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു വിദേശ സഞ്ചാരി. വെറും 252 രൂപയ്ക്ക് കഫ് സിറപ്പും മൂന്ന് പാക്കറ്റ് ഗുളികകളും ലഭിച്ചതാണ് ഇനസ് ഫാരിയ എന്ന 25 വയസ്സുകാരിയെ അത്ഭുതപ്പെടുത്തിയത് (Medicine Prices India). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ മൺറോ തുരുത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്നാണ് ഫാരിയയ്ക്ക് ഈ അനുഭവം ഉണ്ടായത്.
തനിക്ക് ചുമയുണ്ടെന്ന് പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്ന സ്ത്രീ ഉള്ളിൽ പോയി മരുന്നുകൾ എടുത്തുകൊണ്ടുവരികയായിരുന്നു. ബില്ല് എത്രയാകുമെന്ന് ആശങ്കപ്പെട്ടിരുന്ന ഫാരിയയോട് 252 രൂപ (ഏകദേശം 2.70 യൂറോ) മാത്രമാണ് അവർ ആവശ്യപ്പെട്ടത്. “ഇതൊരു വലിയ തുകയാകുമെന്ന് ഞാൻ കരുതി, എന്നാൽ വെറും 252 രൂപയോ? ഞാൻ ഇന്ത്യയിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു,” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. യൂറോപ്പിലെയും മറ്റും ഉയർന്ന മരുന്ന് വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയിലെ നിരക്ക് ഇത്രയും കുറവായി തോന്നിപ്പിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോയാൽ ഈ മരുന്നുകൾ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ബ്രാൻഡഡ് അല്ലാത്ത മരുന്നുകൾ ‘ജൻ ഔഷധി’ പോലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നും കമന്റുകളുണ്ട്. കൂടാതെ, ചുമയ്ക്ക് തേനും കുരുമുളകും ചേർത്തുള്ള നാടൻ ഒറ്റമൂലികളും ചിലർ ഫാരിയയ്ക്ക് നിർദ്ദേശിച്ചു നൽകി.
View this post on Instagram

