പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ പോലീസും നിയമസംവിധാനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വമാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡ് കൗൺസിലറായ പ്രശോഭിനെതിരെ കഴിഞ്ഞ ദിവസമാണ് ഒരു യുവതി പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവം വിവാദമായതിനെത്തുടർന്ന് പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. ടൗൺ സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം സജീവ ചർച്ചയാക്കാനാണ് എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്. എന്നാൽ ആരോപണവിധേയനെ ഉടൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രതിരോധം തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Summary: UDF candidate Ramesh Pisharody clarified that he has no close ties with Palakkad Congress councillor Proshobh, who is facing sexual assault allegations. Pisharody demanded justice for the victim and stated that the party leadership should decide on Proshobh’s resignation. Following the Dalit woman’s complaint of being sexually assaulted under the pretext of a job offer, the Congress party has expelled Proshobh from its primary membership. The Town South Police have registered the victim’s statement and started an investigation.

