കൊല്ലം: സംസ്ഥാന ഖജനാവിൽ ‘പൂച്ച പെറ്റു കിടക്കുകയാണെന്ന’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. (Good currency in the treasury, KN Balagopal responds to VD Satheesan )
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എ. കുടിശ്ശികയുടെ ആദ്യ ഗഡു തീർക്കുന്നതിനായി സർക്കാർ പതിനായിരം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. പ്രതിപക്ഷ നേതാവിന് കണക്കുകൾ അറിയാത്തതുകൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പ് സമയത്ത് പുകമറ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും മന്ത്രി അവകാശപ്പെട്ടു. യുഡിഎഫ് ഉന്നയിക്കുന്ന ബിജെപി-എൽഡിഎഫ് ഡീൽ ആരോപണത്തെയും ബാലഗോപാൽ ശക്തമായി തള്ളിക്കളഞ്ഞു.

