കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമതാ ബാനർജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ സന്ദർശനങ്ങളെയും ആഭ്യന്തര നയങ്ങളെയും താരതമ്യം ചെയ്തായിരുന്നു മമതയുടെ വിമർശനം.(Political war of words in Bengal, BJP attacks Mamata over remarks against PM Modi)
പ്രധാനമന്ത്രി സൗദി അറേബ്യയും ദുബായുമൊക്കെ സന്ദർശിക്കുമ്പോൾ അവിടുത്തെ മുസ്‌ലിം നേതാക്കളെ കെട്ടിപ്പിടിക്കുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഇവിടുത്തെ മുസ്‌ലിംകളെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് വിളിക്കുന്നുവെന്ന് മമത ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ മോദിയെ അനുവദിക്കില്ലെന്നും ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ പ്രധാനമന്ത്രിയാണെന്നും അവർ പരിഹസിച്ചു.
സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കുന്നതിനായുള്ള എസ് ഐ ആർ വഴി ന്യൂനപക്ഷങ്ങളെയും ബംഗാളി വോട്ടർമാരെയും ലക്ഷ്യമിടുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഏകദേശം 63 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. മമതയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്നും ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ബിജെപി തിരിച്ചടിച്ചു.

