കൊച്ചി: നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(5 members of a family found dead in Kochi)
മരിച്ചവരിൽ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മൂന്ന് കുട്ടികളും ഇവരുടെ കുടുംബാംഗങ്ങളാണ്. ഇവർ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചികിത്സാ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയതായിരുന്നു ഈ കുടുംബം. ഇതിനായി വടുതലയിലെ ഗ്രീൻ ഗാർഡനിലുള്ള വീട് വാടകയ്ക്കെടുത്ത് താമസിച്ച് വരികയായിരുന്നു. വീടിന്റെ ഉടമ നിലവിൽ വിദേശത്താണ്. കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിൽ നിന്ന് ആരെയും പുറത്തു കാണാതിരുന്നതിനെത്തുടർന്ന് സംശയം തോന്നിയ ഉടമയുടെ ബന്ധു എത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

