തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ പ്രമുഖ മുഖങ്ങളും ഉൾപ്പെടെ വലിയൊരു നിരയാണ് ഇന്ന് വരണാധികാരികൾക്ക് മുന്നിലെത്തുന്നത്.(Kerala assembly elections, Long queue of prominent people to file nominations today)
ശക്തിപ്രകടനങ്ങളും റോഡ് ഷോകളുമായി ഉത്സവപ്രതീതിയിലാണ് മുന്നണികൾ പത്രികാ സമർപ്പണത്തിന് ഒരുങ്ങുന്നത്. വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ തുടങ്ങിയ മന്ത്രിമാർ ഇന്ന് പത്രിക നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വ്യാഴാഴ്ച തന്നെ പത്രിക സമർപ്പിച്ചിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്ന് പത്രിക നൽകും. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക സമർപ്പിക്കും.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23, സൂക്ഷ്മപരിശോധന മാർച്ച് 24, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26, വോട്ടെടുപ്പ് ഏപ്രിൽ 9, വോട്ടെണ്ണൽ, മെയ് 4 എന്നിങ്ങനെയാണ്. മലപ്പുറം മങ്കട നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ സിപിഎം ഒരുങ്ങുന്നു. മുസ്ലിം ലീഗ് മങ്കട നിയോജകമണ്ഡലം മുൻ പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

