വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം പുതിയ തലങ്ങളിലേക്ക്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ നടപടിയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുന്നു. ബ്രിട്ടന്റെ നടപടി വൈകിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചപ്പോൾ, സ്വന്തം പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ നടത്തുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി.(Iran slams British PM, Trump against UK for delaying decision to use airbases)
ബ്രിട്ടീഷ് താവളങ്ങൾ അമേരിക്കയ്ക്ക് വിട്ടുനൽകിയ നടപടിയിൽ രൂക്ഷമായ പ്രതികരണമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയത്. ഭൂരിഭാഗം ബ്രിട്ടീഷ് പൗരന്മാരും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ യുദ്ധതാൽപ്പര്യങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കാത്തവരാണ്. സ്വന്തം ജനതയുടെ വികാരം അവഗണിച്ച് യുദ്ധത്തിന് ഒത്താശ ചെയ്യുന്നതിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ കീർ സ്റ്റാമർ അപകടത്തിലാക്കുകയാണെന്നും അരാഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനായി ഏത് മാർഗവും സ്വീകരിക്കാൻ ഇറാന് അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അനുമതി വളരെ നേരത്തെ ലഭിക്കേണ്ടതായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇതൊരു വൈകിയ പ്രതികരണമാണ്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിട്ടും ആ ദ്വീപ് (ഡീഗോ ഗാർഷ്യ) ഉപയോഗിക്കാൻ ബ്രിട്ടൻ നേരത്തെ അനുമതി നൽകിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. നമ്മുടെ ബന്ധം അത്രമേൽ മികച്ചതാണെങ്കിലും ഇത്തരം ഒരു തീരുമാനം ഇത്രയും വൈകിയത് നിരാശാജനകമാണ് – ട്രംപ് വ്യക്തമാക്കി.

