ദില്ലി: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യയും യുഎഇയും ദില്ലിയിൽ നിർണ്ണായക ചർച്ച നടത്തി (S Jaishankar Reem Al Hashimy meeting). ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ ആക്രമണങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയിലും ഊർജ്ജ സുരക്ഷയിലും ഉണ്ടാക്കുന്ന ആഘാതങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചർച്ചയിൽ പങ്കെടുത്തു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ പ്രധാന വിഷയമായി. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, നാവിക സ്വാതന്ത്ര്യം സംരക്ഷിക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും യുഎഇ മന്ത്രി ആവശ്യപ്പെട്ടു. യുഎഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ രാജ്യാന്തര സമൂഹം വെച്ചുപൊറുപ്പിക്കില്ലെന്ന് റീം അൽ ഹാഷിമി വ്യക്തമാക്കി. 136 രാജ്യങ്ങൾ പിന്തുണച്ച യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ നിലപാടും അവർ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്കും ഇന്ധനവില വർദ്ധനവിനും കാരണമാകുന്ന സാഹചര്യത്തിൽ ഇന്ത്യ ഈ ചർച്ചയെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും ഊർജ്ജ വിതരണ പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്തമായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
Summary: Indian External Affairs Minister Dr. S. Jaishankar and UAE Minister of State for International Cooperation Reem Al Hashimy held a crucial meeting in Delhi to discuss the escalating tensions in West Asia. Amidst ongoing Iranian missile attacks, both leaders expressed concern over regional stability and global energy security, particularly the freedom of navigation in the Strait of Hormuz.

