ന്യൂഡൽഹി: ഡൽഹിയിലെ ബവാനയിലുള്ള പലചരക്ക് കടയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു (Delhi Bawana Shooting). ബവാന സ്വദേശിയായ രവി ഭരദ്വാജ് (30) ആണ് മരിച്ചത്. ആക്രമണത്തിൽ രവിയുടെ പത്തുവയസ്സുകാരനായ അനന്തരവൻ, പിതാവ് അനിൽ ഭരദ്വാജ് (55), അയൽവാസി രാജ്കുമാർ (46) എന്നിവർക്ക് വെടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘം കടയ്ക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പത്തുവയസ്സുകാരനായ ബാലന്റെ കാലിനാണ് വെടിയേറ്റത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്യാങ് വാറോ അല്ലെങ്കിൽ വ്യക്തിപരമായ മുൻവൈരാഗ്യമോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ പോലീസും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിത, ആംസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയുമാണ്. കൊല്ലപ്പെട്ട രവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

