കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അലോഷ്യസ് സേവ്യർ. തന്റെ പ്രവർത്തനങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്നും സംഘടനയ്ക്കും പാർട്ടിക്കും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, പൂഞ്ഞാർ മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.(I have not resigned, Aloshious Xavier denies news)
വാർത്തകൾ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. വാർത്തകളല്ലല്ലോ വസ്തുതകൾ. കെഎസ് യു സംസ്ഥാന പ്രസിഡന്റ് ആയ നാൾ മുതൽ ഇന്നുവരെ എനിക്കുവേണ്ടിയോ എന്റെ പേരിന് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. പ്രവർത്തനം ആകെയും സംഘടനയ്ക്ക് വേണ്ടിയായിരുന്നു, അലോഷ്യസ് കുറിച്ചു.
കെഎസ് യു തന്റെ ഹൃദയതുടിപ്പാണെന്നും കോൺഗ്രസ് പാർട്ടി തന്റെ ജീവശ്വാസമാണെന്നും വൈകാരികമായ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നുള്ള തന്റെ പോരാട്ടം ഓരോ നിമിഷവും പാർട്ടിയുടെ മുന്നേറ്റത്തിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം അക്രമങ്ങൾക്കും പോലീസ് വേട്ടയാടലുകൾക്കും ഇരയാകുന്ന സഹപ്രവർത്തകരുടെ വികാരമാണ് തന്റെ ഹൃദയവികാരമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഇടുക്കിയിലോ പൂഞ്ഞാറിലോ അലോഷ്യസ് സേവ്യറെ സ്ഥാനാർത്ഥിയാക്കണമെന്ന് നേതാക്കൾ താൽപ്പര്യപ്പെട്ടിരുന്നെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങൾ തിരിച്ചടിയാവുകയായിരുന്നു. ഇതോടെ കെഎസ് യു പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും അലോഷ്യസ് രാജിവെക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗിക പ്രതികരണത്തിലൂടെ ഈ ചർച്ചകൾക്ക് അലോഷ്യസ് അന്ത്യം കുറിച്ചിരിക്കുകയാണ്.

