തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കടുത്ത അതൃപ്തിയിൽ. അദ്ദേഹം പാർട്ടി പദവി രാജിവയ്ക്കുന്നു. കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും പിന്നാലെ യുവനേതൃത്വവും പരസ്യമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.(Another explosion in Congress, KSU state president resigns in protest over denial of seat )
പീരുമേട്, ഇടുക്കി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിൽ അലോഷ്യസ് സേവ്യറിനെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക എതിർപ്പുകളും അലോഷ്യസിന് തിരിച്ചടിയായി. പീരുമേട് മണ്ഡലത്തിൽ അലോഷ്യസിനെ മത്സരിപ്പിക്കാൻ നീക്കം നടന്നെങ്കിലും പ്രാദേശിക നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് നേതൃത്വം പിന്മാറുകയായിരുന്നു.
തുടർന്ന് ഇടുക്കിയിലും പിന്നീട് പൂഞ്ഞാറിലും പേര് ഉയർന്നുവന്നെങ്കിലും മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യത്തിന് മുന്നിൽ യുവ പ്രാതിനിധ്യം തഴയപ്പെട്ടു. അർഹമായ പരിഗണന ലഭിക്കാത്തതിൽ കെഎസ്യു പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധം പുകയുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചത് പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

