ന്യൂഡൽഹി: ഗൾഫ് മേഖലയിൽ ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന നടപടികൾ ഊർജ്ജിതമാക്കി. മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളുടെ എണ്ണം ആറായി ഉയർത്തി. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിക്കുന്നുണ്ട്.(India increases number of warships in Gulf region, Navy provides security escort to ships)
ഇറാൻ്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു. മേഖലയിൽ കൂടുതൽ പ്രകോപനമുണ്ടാക്കാതെ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള ചരക്ക് നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ നിരീക്ഷിക്കാൻ ഷിപ്പിംഗ് മന്ത്രാലയവും നാവികസേനയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. എണ്ണ, വാതക ഇറക്കുമതി തടസ്സമില്ലാതെ തുടരുന്നതിനായി ബദൽ മാർഗ്ഗങ്ങളും നയതന്ത്ര നീക്കങ്ങളും കേന്ദ്ര സർക്കാർ സജീവമാക്കി.

