റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഗൾഫ്-അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.(Arab countries issue joint statement against Iran)
എണ്ണപ്പാടങ്ങൾക്കും റിഫൈനറികൾക്കും നേരെയുള്ള ആക്രമണങ്ങൾ ആഗോള ഇന്ധന വിപണിയെ തകിടം മറിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ അതീവ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി സ്ഥിരീകരിച്ചു.
ഇവിടുത്തെ പ്രധാന എയർ സെപ്പറേഷൻ യൂണിറ്റുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്ന ഖത്തർ, ഇറാൻ എംബസിയിലെ സൈനിക-സുരക്ഷാ അറ്റാഷെമാരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടു.

