കോഴിക്കോട്: വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ എന്ന സിനിമയുടെ ലൊക്കേഷനിൽ മകൻ പൃഥ്വിരാജിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മല്ലിക സുകുമാരൻ (Major Ravi Remarks on Prithviraj and Mallika). അടുത്തിടെ സംവിധായകൻ മേജർ രവി പൃഥ്വിരാജിനെതിരെ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ മല്ലിക സുകുമാരൻ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും മേജർ രവിക്കുള്ള പരോക്ഷ മറുപടിയാണോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
“നമ്മുടെ വൈശാഖിന്റെ ‘ഖലീഫ’ കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനെ കാണാൻ ഒരവസരം. രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം. അങ്ങനെ രണ്ടു ദിവസം ‘Amir Ali’യുടെ കൂടെ (പൃഥ്വിയുടെ കഥാപാത്രം). ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി,” എന്നാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. പൃഥ്വിരാജിനൊപ്പം ചിരിച്ചു നിൽക്കുന്ന ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ ഒരു അഭിമുഖത്തിൽ മേജർ രവി പൃഥ്വിരാജിനെ ഉപദേശിക്കുന്ന രീതിയിൽ സംസാരിച്ചത് വാർത്തയായിരുന്നു. “രാജുവിനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപ്പിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബെയിൽ മാത്രം പോയിരുന്നത് കൊണ്ട് കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപ്പിടിച്ചോ,” എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ. പൃഥ്വിരാജ് അമ്മയെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന അർത്ഥത്തിൽ ഈ പരാമർശം വ്യാഖ്യാനിക്കപ്പെട്ടു. ഇതിനു പിന്നാലെ പൃഥ്വിക്കൊപ്പം സമയം ചെലവഴിക്കുന്ന ചിത്രം മല്ലിക തന്നെ പങ്കുവെച്ചത് കൃത്യമായ മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
അമ്മയും മകനും തമ്മിലുള്ള ഈ ആത്മബന്ധം കാണുമ്പോൾ മേജർ രവിക്ക് സമാധാനമായോ എന്നാണ് പോസ്റ്റിന് താഴെ വരുന്ന ചില കമന്റുകൾ. മലയാളികളുടെ പ്രിയപ്പെട്ട മല്ലികാമ്മയും പൃഥ്വിരാജും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

