തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻ മന്ത്രി ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇടതുമുന്നണി സജീവമാക്കി. സിറ്റിംഗ് സീറ്റായ തിരുവനന്തപുരം ഇത്തവണ സിപിഎം ഏറ്റെടുക്കില്ലെന്നും ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.(Who will contest instead of Antony Raju? LDF looking for a new candidate)
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജു തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആന്റണി രാജുവിനും കൂടി സമ്മതനായ ഒരു പൊതുസ്വതന്ത്രനെയോ അല്ലെങ്കിൽ പാർട്ടിക്കുള്ളിൽ നിന്നുള്ള മറ്റൊരു പ്രമുഖനെയോ സ്ഥാനാർത്ഥിയാക്കാൻ ജനാധിപത്യ കേരള കോൺഗ്രസിന് സിപിഎം നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാകും അന്തിമ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
തിരുവനന്തപുരം സീറ്റിനായി ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിൽ തങ്ങൾ അർഹിക്കുന്ന 13-ാം സീറ്റായി തിരുവനന്തപുരം നൽകണമെന്നാണ് അവരുടെ ആവശ്യം.

