തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിലും ആഭ്യന്തര തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർക്ക് ഇതുവരെ സീറ്റ് ലഭിക്കാത്തതാണ് അണികൾക്കിടയിൽ പ്രധാന ചർച്ചാവിഷയം. വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധം ശക്തമാണ്.(Candidate fight in BJP too, senior leaders on the waiting list )
കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിരുന്ന ബി. ഗോപാലകൃഷ്ണന് സീറ്റ് ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. തൃശൂർ മണ്ഡലം ലഭിക്കാത്തതിനെത്തുടർന്നാണ് എം.ടി. രമേശിനും അതൃപ്തിയുണ്ട്. എ ക്ലാസ് മണ്ഡലമായി ബിജെപി കണക്കാക്കുന്ന ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൊട്ടിത്തെറിക്ക് കാരണമായി. എം.വി. ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ന്യൂനപക്ഷ മോർച്ച നേതാവ് നോബിൾ മാത്യുവിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയാണ്.

