കണ്ണൂർ: കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ഹൈക്കമാൻഡ് നിലപാട് അറിയിക്കാനാണ് രമേശ് ചെന്നിത്തല അദ്ദേഹത്തെ സന്ദർശിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.(K Sudhakaran should say whether the reconciliation took place or not, says Rajmohan Unnithan)
താൻ വ്യക്തിപരമായി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിക്കൊരു സിസ്റ്റം ഉണ്ട്, അതിനനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ഏൽപ്പിക്കാത്ത ജോലി ചെയ്യേണ്ട ആവശ്യം തനിക്കില്ല. ഹൈക്കമാൻഡിന്റെ നിലപാട് സുധാകരനെ അറിയിക്കാൻ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് രമേശ് ചെന്നിത്തല അദ്ദേഹത്തെ കാണാൻ പോയത്.
കെ. സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇളവ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. യാത്രയ്ക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.

