കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.(Congress to regain Chathannoor, cutting the Forward Bloc)
സീറ്റ് വിഭജനത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെട്ട് ചാത്തന്നൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശക്തമായിരുന്നു. സൂരജ് രവിയെ മത്സരിപ്പിക്കുന്നതിലൂടെ ഈ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. സീറ്റ് വിട്ടുനൽകിയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡിസിസി അംഗങ്ങൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു.

