തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സർക്കാരിനെതിരായ കടുത്ത ആരോപണങ്ങൾ നിരത്തി മുൻനിര പത്രങ്ങളിൽ പരസ്യം നൽകിക്കൊണ്ടാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.(Kerala will win, UDF will lead, UDF with election campaign slogan)
സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പരസ്യത്തിലൂടെ യുഡിഎഫ് ഉന്നയിക്കുന്നത്. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച, അനിയന്ത്രിതമായ വിലക്കയറ്റം, വർധിച്ചുവരുന്ന വന്യജീവി ആക്രമണം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഈ ദുർഭരണം അവസാനിക്കാൻ ഇനി 25 ദിവസം മാത്രം, കണക്ക് ചോദിക്കാൻ സമയമായി എന്ന മുന്നറിയിപ്പോടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇതിനായുള്ള അവസാനഘട്ട ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിലെത്തും. സിറ്റിംഗ് എംഎൽഎമാരും സംവരണ സീറ്റുകളിൽ ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങളുമാകും ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക.
ചില എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ് അവസാന ശ്രമം നടത്തുന്നുണ്ട്. എൽഡിഎഫ് ഇതിനകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ശക്തമായ തിരിച്ചുവരവിനാണ് യുഡിഎഫ് നീക്കം.

