കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കടുക്കുന്നു. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റ് വച്ചുമാറണമെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കുന്നതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുനലൂരിന് പകരം ചടയമംഗലം മണ്ഡലം വിട്ടുനൽകണമെന്നാണ് ലീഗിന്റെ ആവശ്യം.(Muslim League demands Punalur seat be changed)
പുനലൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. വിജയസാധ്യത കണക്കിലെടുത്ത് ചടയമംഗലം വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിൽക്കുന്നു. ചടയമംഗലം ലഭിക്കുകയാണെങ്കിൽ സുൽഫിക്കർ സലാം സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
ചടയമംഗലം വിട്ടുനൽകുന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാണ്. ചടയമംഗലം വിട്ടുനൽകി പുനലൂർ കോൺഗ്രസ് ഏറ്റെടുത്താലുള്ള വിജയസാധ്യതയെക്കുറിച്ചും പാർട്ടി പരിശോധിക്കുന്നുണ്ട്. നേരത്തെ ഇരവിപുരം മണ്ഡലത്തിനായി ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു.

