ലൊസാഞ്ചലസ്: ഹോളിവുഡിൽ വർണാഭമായ ചടങ്ങുകളോടെ 98-ാമത് അക്കാദമി അവാർഡുകൾക്ക് തുടക്കമായി. ആദ്യഘട്ട പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് വീതം നേട്ടങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’, ‘ഫ്രാങ്കെൻസ്റ്റൈനും’ പട്ടികയിൽ മുന്നിലെത്തി.(Autumn Durald Arkapaw becomes first woman and first black person to win best cinematography Oscar)
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിലൂടെ ഓട്ടം ഡ്യൂറൾഡ് അർക്കപോ (സിന്നേഴ്സ്) ചരിത്രം കുറിച്ചു. ഓസ്കർ ചരിത്രത്തിൽ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമാണ് ഓട്ടം. കൂടാതെ, ഇത്തവണ മുതൽ പുതുതായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്കാരം കസാന്ദ്ര കുലുകുൻഡിസ് (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ) സ്വന്തമാക്കി.
മികച്ച സഹനടൻ: ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ). എന്നാൽ ഗോൾഡൻ ഗ്ലോബ് അവാർഡിന് പിന്നാലെ ഓസ്കർ നിശയിൽ നിന്നും താരം വിട്ടുനിന്നു. മികച്ച സഹനടി: എയ്മി മാഡിഗൻ (ചിത്രം: വെപ്പൻസ്). മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം ‘സിന്നേഴ്സ്’ നേടിയപ്പോൾ, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ സ്വന്തമാക്കി.
കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങ് എന്നീ വിഭാഗങ്ങളിൽ ‘ഫ്രാങ്കെൻസ്റ്റൈൻ’ കരുത്ത് തെളിയിച്ചു. കൊറിയൻ ആനിമേഷൻ ചിത്രമായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്സ്’ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടി. 16 നോമിനേഷനുകളുമായി എത്തിയ ‘സിന്നേഴ്സും’ 13 നോമിനേഷനുകളുമായി എത്തിയ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ തമ്മിലുള്ള പോരാട്ടം ചടങ്ങിൽ ഉടനീളം പ്രകടമാണ്. വരും മണിക്കൂറുകളിൽ പ്രഖ്യാപിക്കാനിരിക്കുന്ന മികച്ച നടൻ, നടി, ചിത്രം എന്നീ വിഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

