ആഗ്ര: വിവാഹ വാഗ്ദാനം നൽകി നാല് വർഷം കൂടെ താമസിപ്പിച്ച ശേഷം പോലീസുകാരൻ ചതിച്ചുവെന്നാരോപിച്ച് ആഗ്രയിൽ യുവതി ആത്മഹത്യ ചെയ്തു (Agra Woman Suicide). താജ്ഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ജെ.വി. ഗൗതമിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോകൾ പുറത്തുവിട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തെത്തുടർന്ന് കോൺസ്റ്റബിളിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
മരണത്തിന് മുൻപ് ചിത്രീകരിച്ച വീഡിയോകളിൽ തന്റെ ദുരവസ്ഥയെക്കുറിച്ച് യുവതി വിശദീകരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് സ്വദേശിയായ യുവതി ആഗ്രയിൽ സ്വകാര്യ ജോലി ചെയ്യുന്നതിനിടെയാണ് ഗൗതമിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ നാല് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് ഗൗതമും കുടുംബവും തയ്യാറെടുക്കുകയാണെന്ന് യുവതി ആരോപിച്ചു.
“ജെ.വി. ഗൗതമും കുടുംബവുമാണ് എന്റെ മരണത്തിന് ഉത്തരവാദികൾ. അവർ എന്നെ അങ്ങേയറ്റം മാനസികമായി പീഡിപ്പിച്ചു. തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്നാണ് ഇപ്പോൾ അയാൾ പറയുന്നത്. തന്നെ വഞ്ചിച്ചവർക്കെതിരെ നടപടി വേണം.” – വീഡിയോയിൽ യുവതി പറഞ്ഞു.
നീതിക്കായി താൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അവിടെ നിന്നും സഹായം ലഭിച്ചില്ലെന്നും കോൺസ്റ്റബിളിനെതിരെ നടപടിയുണ്ടാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവതി ആരോപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തനിക്ക് നീതി ഉറപ്പാക്കണമെന്ന് വീഡിയോയിലൂടെ യുവതി അഭ്യർത്ഥിച്ചു.
വീഡിയോകൾ വൈറലാവുകയും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെയാണ് കോൺസ്റ്റബിൾ ജെ.വി. ഗൗതമിനെ സസ്പെൻഡ് ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുൻപ് വിവാഹമോചിതയായ യുവതിയെ കോൺസ്റ്റബിൾ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പ്രതിക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Summary: A woman in Agra committed suicide after releasing videos accusing a police constable, JV Gautam, of cheating her after a four-year live-in relationship. She alleged that the constable promised marriage but later refused and was preparing to marry someone else.

