ന്യൂഡൽഹി: മാതാപിതാക്കളുടെ വാർഷിക വരുമാനം മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിന്റെ ക്രീമിലെയർ പദവി നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഒരു ഉദ്യോഗാർത്ഥി ക്രീമിലെയർ വിഭാഗത്തിലാണോ അല്ലയോ എന്ന് തീരുമാനിക്കാൻ അവരുടെ സാമൂഹിക പദവി പ്രധാന മാനദണ്ഡമായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.(Income cannot be sole decider of OBC creamy layer, says SC)
ഹൈക്കോടതികളുടെ വിധികൾക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ക്രീമിലെയർ കണ്ടെത്താൻ രക്ഷിതാക്കളുടെ വരുമാനം മാത്രം നോക്കരുത്. അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വഹിക്കുന്ന പദവിയും തസ്തികയും ഉൾപ്പെടെയുള്ള സാമൂഹിക സ്ഥിതി പരിഗണിക്കണം.
സംവരണം നിഷേധിക്കപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ അധിക തസ്തികകൾ സൃഷ്ടിക്കാനും കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. 2012-ലെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയിട്ടും, ക്രീമിലെയർ പരിധിയിൽ തെറ്റായി ഉൾപ്പെടുത്തിയത് കാരണം ഒബിസി വിഭാഗത്തിലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിൽ അവർക്ക് അനുകൂലമായി കേരള, ഡൽഹി, മദ്രാസ് ഹൈക്കോടതികൾ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

