ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്ന് എം.എൽ.എ എച്ച്. സലാം. ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും വളരെ കാലമായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ച വ്യക്തിയാണ് ഇപ്പോൾ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതെന്നും സലാം പറഞ്ഞു.(Just one scene in the drama that is about to begin, H Salam against G Sudhakaran)
ഇപ്പോൾ കണ്ടത് അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ്. ഇനിയുള്ള രംഗങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും പ്രത്യക്ഷപ്പെടും. സംഭവിക്കുന്നത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. പാർട്ടിയിൽ മറ്റാർക്കും ലഭിക്കാത്ത പരിഗണനയാണ് സുധാകരന് ലഭിച്ചത്. വി.എസ്. അച്യുതാനന്ദന് പോലും ഇത്രയധികം ലഭിച്ചിട്ടുണ്ടാകില്ല. 2021 വരെ എല്ലാ സ്ഥാനമാനങ്ങളും വഹിച്ച ആളാണ് അദ്ദേഹം.
ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് മുൻകാലങ്ങളിൽ തന്നെ പഠിപ്പിച്ചത് സുധാകരൻ തന്നെയാണ്. ജനങ്ങളെ അണിനിരത്തി പാർട്ടി ഇതിനെ നേരിടും. 2021-ൽ തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോൾ സുധാകരൻ തനിക്കെതിരെ ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. അതിന്റെ തെളിവുകൾ ഇപ്പോഴും കൈവശമുണ്ട്. അന്ന് അന്വേഷണ കമ്മിഷന് മുന്നിൽ തന്റെ മാന്യത കൊണ്ടാണ് പലതും പറയാതിരുന്നതെന്നും സലാം വെളിപ്പെടുത്തി. അമ്പലപ്പുഴയിൽ നിന്ന് 15 പേർ പോലും സുധാകരനൊപ്പം പാർട്ടിയിൽ നിന്ന് പോകില്ലെന്ന് എച്ച്. സലാം അവകാശപ്പെട്ടു.

