Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, യഥാർത്ഥ പാർട്ടി നീതി പറഞ്ഞു കൊണ്ടേയിരിക്കും': നിർണ്ണായക...

‘അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും, യഥാർത്ഥ പാർട്ടി നീതി പറഞ്ഞു കൊണ്ടേയിരിക്കും’: നിർണ്ണായക പ്രഖ്യാപനവുമായി G സുധാകരൻ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിൽ നിർണ്ണായക പ്രഖ്യാപനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുന്നപ്രയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടി അണികളെയും രാഷ്ട്രീയ കേരളത്തെയും ഒരുപോലെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്.(Will contest as an independent in Ambalapuzha, G Sudhakaran makes a crucial announcement)

തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു എന്ന പ്രചാരണം അദ്ദേഹം തള്ളി. ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ലെന്നും സ്വതന്ത്രനായി തന്നെ ജനവിധി തേടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച മുൻപ് മെമ്പർഷിപ്പ് പുതുക്കാൻ എത്തിയവരോട് താൻ അതിന് തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. ഈ വിവരം ഒരു ജില്ലാ കമ്മിറ്റി അംഗമാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. ഇത് തന്നെ അപമാനിക്കാനുള്ള നീക്കമായിരുന്നു. മന്ത്രി സജി ചെറിയാന്റെ പഴയ ഭരണഘടനാ വിരുദ്ധ പരാമർശങ്ങളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ ‘കുന്തം’, ‘കുടചക്രം’ എന്നൊന്നും താൻ പറയില്ലെന്നും പാർട്ടി ആദർശങ്ങൾ മുറുകെപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് താൻ പാർട്ടി കെട്ടിപ്പടുത്തത്. എന്നാൽ ഇപ്പോൾ സ്വന്തം അച്ഛനെപ്പോലും അധിക്ഷേപിക്കുന്ന തരത്തിൽ ചില പാർട്ടി അംഗങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഇന്നലെ മുതിർന്ന നേതാവ് എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടിരുന്നു. എന്നാൽ നിലവിൽ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങളാണെന്ന് അന്ന് സൂചിപ്പിച്ചിരുന്നെങ്കിലും തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ വ്യക്തമാക്കി.

ഹൈസ്കൂൾ കാലം മുതൽ പാർട്ടി പ്രവർത്തനം തുടങ്ങിയ താൻ ആരുടെയും നിർബന്ധപ്രകാരമല്ല സി.പി.എമ്മിൽ വന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥാനത്ത് എത്ര കാലം ഇരുന്നു എന്നതിനേക്കാൾ എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ പാർട്ടി നീതി പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

സി.പി.എം നേതൃത്വത്തിനെതിരെയും പാർട്ടിയിലെ നിലവിലെ പ്രവണതകൾക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. 36 വർഷം പാർട്ടി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർമാനായിരുന്ന തന്നെപ്പോലൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ‘സുധാകുരൻ’ എന്ന് പോലും വിളിച്ചു. രാഷ്ട്രീയ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നവർ അവരെ ആയുധമാക്കി തന്നെ വേട്ടയാടുകയാണ്. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ച തന്റെ അച്ഛനെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായി. സ്വാധീനം ഉപയോഗിച്ച് സ്വന്തം വീട്ടിൽ ആർക്കും ജോലി വാങ്ങി നൽകിയിട്ടില്ലെന്ന് ആർക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണമെന്നും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ ആയുധം, അത് കൈമോശം വരാൻ പാടില്ല.  ഒരു വർഗ്ഗീയതയുമായും യോജിക്കില്ല. ദുരിതം അനുഭവിക്കുന്നവർക്കൊപ്പം എന്നും നിലകൊള്ളും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് എന്നും നീതി പുലർത്തിയിട്ടുണ്ടെന്നും അഭിമാനത്തോടെ പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.