തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.(Will Congress abandon CC Mukundan in the elections?)
സി.സി. മുകുന്ദൻ പിടിക്കുന്ന വോട്ടുകൾ ഇടത് മുന്നണിയുടേതാകുമെന്നും, അതിനാൽ ശക്തനായൊരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ മണ്ഡലം പിടിക്കാമെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കെ.പി.സി.സി വഴി എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വമാകും അന്തിമ പ്രഖ്യാപനം നടത്തുക.
സിറ്റിംഗ് എം.എൽ.എയായ മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഗീതാ ഗോപിക്ക് നൽകിയത് ‘പെയ്മെന്റ് സീറ്റ്’ ആണെന്നും, പാർട്ടി ആവശ്യപ്പെട്ട പണം നൽകാൻ കഴിയാത്തതിനാലാണ് തന്നെ മാറ്റിയതെന്നും മുകുന്ദൻ ആരോപിച്ചിരുന്നു. നാട്ടികയിൽ സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് മുകുന്ദൻ പ്രഖ്യാപിച്ചിരിക്കുന്നത്.

