ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് തന്റെ വസതിയിൽ മാധ്യമങ്ങളെ കാണും. പാർട്ടിയുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.(G Sudhakaran’s crucial press conference today)
പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഇന്നലെ രാത്രി സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചിട്ടും സുധാകരൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള അവസാനവട്ട അനുനയ ശ്രമങ്ങളും പരാജയപ്പെട്ട നിലയിലാണ്. ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ പൂർണ്ണ പിന്തുണ നൽകാനാണ് യു.ഡി.എഫ് നീക്കം. സുധാകരൻ പാർട്ടിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചാൽ ശക്തമായി നേരിടാനാണ് സി.പി.എം തീരുമാനം.

