പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണയ്ക്കിടെ നിർണ്ണായക സാക്ഷികൾ മൊഴി മാറ്റി. പ്രതിയായ ചെന്താമരയുടെ സഹോദരൻ, സഹോദരഭാര്യ, അയൽവാസി എന്നിവരാണ് മൊഴി മാറ്റിയത്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.(Nenmara double murder case, 3 witnesses change their statements)
ഇവർ നേരത്തെ പോലീസിന് നൽകിയ മൊഴികളാണ് ഇപ്പോൾ കോടതിയിൽ നിഷേധിച്ചത്. കൊലപാതകത്തിന് തലേദിവസം പ്രതി ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നു എന്ന നിർണ്ണായക മൊഴിയാണ് സഹോദരൻ കോടതിയിൽ തിരുത്തിയത്. മറ്റ് രണ്ട് സാക്ഷികളും പോലീസിന് നൽകിയ പ്രസ്താവനകളിൽ ചിലത് കോടതിയിൽ നിഷേധിച്ചു.
സാക്ഷികൾ മൊഴി മാറ്റിയതോടെ ഇവരെ കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 2025 ജനുവരി 27-നാണ് സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ, സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും അമ്മയെയും സമാനമായ രീതിയിൽ ആക്രമിച്ചു കൊലപ്പെടുത്തിയത്.

