അറേബ്യൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കുഴിമന്തി അഥവാ മന്തി. യമനിലെ ഹളർമൗത്തിൽ നിന്നുള്ള ഈ വിഭവം സാധാരണയായി മണ്ണിൽ കുഴിയുണ്ടാക്കി കളിമൺ അടുപ്പുകളിലാണ് പാകം ചെയ്യുന്നത്. എന്നാൽ നമ്മുടെ സാധാരണ അടുക്കളകളിൽ മന്തിയുടെ അതേ രുചിയിൽ എളുപ്പത്തിൽ എങ്ങനെ ചിക്കൻ മന്തി തയ്യാറാക്കാം എന്ന് നോക്കാം. (Yemeni Chicken Mandi)
ആവശ്യമായ സാധനങ്ങൾ:
ചിക്കൻ – 1 എണ്ണം (കഷണങ്ങളാക്കിയത്)
ബസുമതി അരി – 2 കപ്പ്
സവാള – 2 എണ്ണം
തക്കാളി പ്യൂരി – 1/2 കപ്പ്
മന്തി മസാല (മല്ലി, ജീരകം, ഏലക്ക, കുരുമുളക്, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചിപ്പൊടി, കുങ്കുമപ്പൂവ്, മഞ്ഞൾപ്പൊടി എന്നിവയുടെ മിശ്രിതം)
വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
ഉണങ്ങിയ നാരങ്ങ (ലോമി) – 1 എണ്ണം
വെണ്ണ, നാരങ്ങാനീര്, എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി മന്തി മസാലയും നാരങ്ങാനീരും എണ്ണയും ചേർത്ത് ചിക്കനിൽ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വെക്കുക. ഒരു വലിയ പാത്രത്തിൽ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് തക്കാളി പ്യൂരിയും ബാക്കി മസാലയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ചിക്കൻ കഷണങ്ങൾ ഇതിലിട്ട് വേവിക്കുക. ചിക്കൻ വെന്തുകഴിഞ്ഞാൽ അത് പാത്രത്തിൽ നിന്ന് മാറ്റി വെണ്ണയും ലിക്വിഡ് സ്മോക്കും (സ്മോക്കി ഫ്ലേവറിനായി) പുരട്ടി ഓവനിലോ ഗ്രില്ലിലോ വെച്ച് ബ്രൗൺ നിറമാകുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കുക.
ചിക്കൻ വേവിച്ച ബാക്കി വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ അരി ചേർക്കുക. അരിക്ക് മുകളിൽ ഏകദേശം ഒരിഞ്ച് ഉയരത്തിൽ വെള്ളം നിൽക്കണം. ചെറിയ തീയിൽ അരി വേവിച്ചെടുക്കുക. ചോറ് പാകമായിക്കഴിഞ്ഞാൽ അതിനു മുകളിൽ റോസ്റ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ നിരത്തി വെക്കാം. മന്തിക്ക് മുകളിൽ അല്പം മല്ലിയിലയോ വറുത്ത അണ്ടിപ്പരിപ്പോ വിതറി അലങ്കരിക്കാവുന്നതാണ്. സാലഡിനും ചട്‌നിക്കും ഒപ്പം ഇത് വിളമ്പാം.

