ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന സൈനിക നീക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ലോകക്രമം നിയമങ്ങൾക്കനുസൃതമായിരിക്കണമെന്നും ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആഗോള പ്രതിസന്ധികൾ നേരിടാൻ അന്താരാഷ്ട്ര സംഘടനകളിൽ അടിയന്തര നവീകരണം വേണമെന്നും മോദി ആവശ്യപ്പെട്ടു.(Conflicts are not the solution to anything, India’s efforts to restore peace will continue, PM Modi)
അതേസമയം, ഇറാനിലെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്.ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കടന്നതായാണ് റിപ്പോർട്ട്. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കാനാണ് സഖ്യകക്ഷികളുടെ നീക്കം.
സൗദി അറേബ്യയിലെ അൽ ഖർജ് മേഖലയിൽ ഇറാൻ തൊടുത്തുവിട്ട 3 ഡ്രോണുകൾ തകർത്തതായി സൗദി അറിയിച്ചു. കുവൈത്തിലെ മുബാറക് അൽ കബീർ തീരത്തിന് 60 കിലോമീറ്റർ അകലെ അന്താരാഷ്ട്ര ജലപരിധിയിൽ ഇറാന്റെ എണ്ണക്കപ്പലിൽ സ്ഫോടനവും എണ്ണച്ചോർച്ചയും റിപ്പോർട്ട് ചെയ്തു.

