കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,920 രൂപയായി താഴ്ന്നു. ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ തുടരുന്ന ഇടിവിന്റെ തുടർച്ചയാണിത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today’s rate )
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണ വിപണിയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്ന വിലയിൽ നിന്ന് നാല് ദിവസത്തിനിടെ മാത്രം 7000 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ മാത്രം പവന് 2280 രൂപയുടെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില കുതിച്ചുയർന്നിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ വിലയിൽ വീണ്ടും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

