കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar’s bail plea tomorrow)
ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട സ്വാഭാവിക ജാമ്യ ഹർജിയിലാണ് നാളെ വിധി വരുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്ന പത്മകുമാറിന്, നാളെ കൂടി അനുകൂല വിധി ലഭിച്ചാൽ ജയിൽമോചിതനാകാൻ സാധിക്കും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മൂന്ന് മാസത്തെ ജയിൽവാസത്തിന് ശേഷം സ്വാഭാവിക ജാമ്യം ലഭിച്ച എൻ. വാസുവിനെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയത്. തന്ത്രിയോട് ഈ ആഴ്ച തന്നെ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടൻ ജയറാം ഉൾപ്പെടെയുള്ള സാക്ഷികളെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി വിളിപ്പിച്ചു മൊഴിയെടുത്തിരുന്നു.

