തിരുവനന്തപുരം: അനന്തപുരി ഭക്തിയിൽ ആറാടുമ്പോൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കളും ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നു. മന്ത്രിമാർ മുതൽ ജനപ്രതിനിധികൾ വരെ വിവിധ സ്ഥലങ്ങളിൽ പൊങ്കാല ചടങ്ങുകളുടെ ഭാഗമായി.(Presence of political leaders at Attukal Pongala 2026)
രാവിലെ പണ്ടാര അടുപ്പിൽ തീ തെളിയിക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കൾ ആറ്റുകാൽ ക്ഷേത്രത്തിലെത്തി. വി. ശിവൻകുട്ടി, വി.എൻ. വാസവൻ എന്നിവർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കണ്ടോന്മെന്റ് ഹൗസിന് മുന്നിലും ഇത്തവണ സവിശേഷമായ പൊങ്കാല ചടങ്ങുകൾ നടന്നു. വി.ഡി. സതീശന്റെ മകൾ ഉൾപ്പെടെ ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ പൊങ്കാല അർപ്പിച്ചത്. വി.ഡി. സതീശന്റെ യാത്രകൾ ലക്ഷ്യത്തിലെത്തണമെന്ന പ്രത്യേക പ്രാർത്ഥനയോടെയാണ് കുടുംബം പൊങ്കാലയിടുന്നതെന്ന് സഹോദരി ആശ പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം വി.ഡി. സതീശനും വസതിക്ക് മുന്നിലെത്തിയിരുന്നു. പൊങ്കാല അടുപ്പുകളിൽ തീ തെളിഞ്ഞതോടെ നഗരമുടനീളം പ്രാർത്ഥനാ നിർഭരമാണ്. ഉച്ചയ്ക്ക് 2.15-ഓടെ നടക്കുന്ന നിവേദ്യത്തിന് ശേഷം ഭക്തർ മടങ്ങിത്തുടങ്ങും. വൻതോതിലുള്ള തിരക്ക് പരിഗണിച്ച് കൂടുതൽ പോലീസിനെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പണ്ടാര അടുപ്പിൽ 9.45ന് തീ പകർന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാവിലെ പത്തരയോടെയാണ് ക്ഷേത്രത്തിന് മുന്നിലെ പ്രധാന അടുപ്പിലേക്ക് മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ചത്. ഇതോടെ ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ ഒരുക്കിയ പൊങ്കാല അടുപ്പുകളിലും പ്രാർത്ഥനാപൂർവ്വം തീ പകർന്നു. രാവിലെ 9.15-ഓടെ ക്ഷേത്രത്തിലെ ശുദ്ധപുണ്യാഹമടക്കമുള്ള ശുദ്ധീകരണ ചടങ്ങുകൾ പൂർത്തിയായിരുന്നു.
ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പുറത്തെത്തി ആദ്യം തിടപ്പള്ളിയിലെ അടുപ്പിലും തുടർന്ന് വലിയ തിടപ്പള്ളിയിലും അഗ്നി പകർന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്ക് തീ കൈമാറിയത്. പണ്ഡാര അടുപ്പിൽ തീ തെളിയിച്ച ഉടൻ തന്നെ അറിയിപ്പായി കതിനകൾ മുഴങ്ങി. ക്ഷേത്രപരിസരത്ത് നിന്ന് കിലോമീറ്ററുകൾ അകലെ റോഡുകളിലും വീട്ടുപറമ്പുകളിലും പൊങ്കാലയിടുന്ന ഭക്തർക്ക് ചടങ്ങ് തുടങ്ങിയെന്ന് അറിയിക്കാനാണ് ഇങ്ങനെ കതിന മുഴക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ പത്തോളം കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. തമ്പാനൂർ, സ്റ്റാച്യൂ, പാളയം, കിഴക്കേകോട്ട തുടങ്ങി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2.30-ഓടെ നടത്തുന്ന നിവേദ്യത്തോടെ പൊങ്കാല ചടങ്ങുകൾ പൂർത്തിയാകും.
ഉച്ചയ്ക്ക് 2.15ന് ആയിരക്കണക്കിന് അടുപ്പുകളിൽ ഒരേസമയം നിവേദ്യം അർപ്പിക്കും. ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽക്കുത്ത് ചടങ്ങ് നടക്കും. രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള പ്രസിദ്ധമായ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിരുത്തും. തുടർന്ന് അർദ്ധരാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി റെയിൽവേ അധിക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയാണ്.

