അമ്മാൻ: മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ജോർദാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടയ്ക്കാൻ തീരുമാനിച്ചു (Jordan Partial Airspace Closure). ഇന്ന് മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് രാവിലെ 9 മണി വരെയാണ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ജോർദാൻ സിവിൽ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ ഈ തീരുമാനമെടുത്തത്.
ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമായതോടെ ഇസ്രായേൽ, ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ വ്യോമപാതകൾ അടച്ചിരുന്നു. ജോർദാന്റെ ഈ പുതിയ തീരുമാനം യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന വിമാന സർവീസുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ദീർഘദൂര പാതകൾ സ്വീകരിക്കുന്നത് യാത്രാ സമയം വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകും.

