തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.(Sabarimala women’s entry, Devaswom Board to change its stand in Supreme Court)
ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ബോർഡിന് യാതൊരു ആശയക്കുഴപ്പവുമില്ല. 2020-ൽ യുവതി പ്രവേശനത്തെ അനുകൂലിച്ചത് അഭിഭാഷകന്റെ വ്യക്തിപരമായ നിലപാടാണെന്നും ബോർഡ് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സുപ്രീം കോടതിയുടെ നിലവിലെ വിധിക്കെതിരെയും ആചാരങ്ങൾ നിലനിർത്തുന്നതിനും വേണ്ടി ബോർഡ് കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കും. ശബരിമല തീർത്ഥാടനത്തിന്റെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനും പ്രൊഫഷണൽ ആക്കുന്നതിനുമായി പുതിയ കർമ്മപദ്ധതികൾ കെ. ജയകുമാർ പ്രഖ്യാപിച്ചു. ശബരിമലയ്ക്കായി മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. വരുമാനത്തിലെ ചോർച്ച തടയാനും അനാവശ്യമായ അഡ്വാൻസ് നൽകുന്ന രീതി അവസാനിപ്പിക്കാനും ഇതിലൂടെ സാധിക്കും.
കച്ചവട സ്ഥാപനങ്ങളുടെ ലേലത്തിൽ നിലവിലുള്ള കുത്തക അവസാനിപ്പിക്കും. പുതിയ ടെണ്ടർ രീതിയിലൂടെ ലേല നടപടികൾ കൂടുതൽ സുതാര്യമാക്കും. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കുള്ള സ്‌പോൺസർഷിപ്പുകളിൽ ഇടനിലക്കാരെ ഒഴിവാക്കും. താല്പര്യമുള്ളവർക്ക് ബോർഡുമായി നേരിട്ട് ബന്ധപ്പെട്ട് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാം. ശബരിമലയിലെ വൃത്തിഹീനമായ സാഹചര്യം മാറ്റാൻ ശാസ്ത്രീയമായ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും. വെറും തൂത്തുവാരലിനപ്പുറം സമഗ്രമായ ശുചിത്വ പരിപാലനം നടപ്പിലാക്കും.

